
സൗദി അറേബ്യ :പതിനെട്ട് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്മെന്റ് മേഖല നിയന്ത്രിക്കുന്നതിനും അതിലിടപെടുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി റിക്രൂട്ട്മെന്റ് ഓഫിസുകളിലും കമ്പനികളിലും നടത്തിയ പരിശോധനക്കിടയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി . നിയമാനുസൃത നടപടികൾ സ്വീകരിക്കേണ്ട നിരവധി ലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി . പതിനേഴു ഓഫിസുകളുടെ പ്രവർത്തനങ്ങൾ ഉടനടി താൽക്കാലികമായി നിർത്തിവെച്ചു. നിശ്ചിത കാലയളവിനുള്ളിൽ നിയമലംഘനങ്ങൾ തിരുത്തുന്നതിൽ പരാജയപ്പെട്ട ഒരു ഓഫീസിന്റെ ലൈസൻസ് റദ്ദാക്കി. റിക്രൂട്ട്മെന്റ് രീതികളുടെ ലംഘനം, തൊഴിൽ സേവനങ്ങളുടെ ലംഘനം, ക്ലയന്റുകൾക്ക് നൽകേണ്ട തുക തിരികെ നൽകുന്നതിലെ കാലതാമസം, കരാർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ എന്നിവയാണ് കണ്ടെത്തിയ ലംഘനങ്ങളിൽ പറയുന്നത് .







