“നോർക്ക കെയർ” മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി ആലോചന സർക്കാരിന് സമർപ്പിക്കും

തിരുവനന്തപുരം : മടങ്ങിവന്ന പ്രവാസികൾക്കായി “നോർക്ക കെയർ” മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി ആകാമെന്ന് നോർക്ക റൂട്സ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവന്ന പ്രവാസികൾക്കായി (NRK Returnees) “നോർക്ക കെയർ” മാതൃകയിൽ പ്രത്യേക ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാമെന്നും ഇതിനുള്ള പ്രൊപ്പോസൽ ഉടനെ സർക്കാരിന് സമർപ്പിക്കാമെന്നും നോർക്ക റൂട്സ് സി ഇ ഓ അജിത് കൊളശ്ശേരി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഡിസംബറിൽ തന്നെ ഇൻഷുറൻസ് കമ്പനികളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.നോർക്ക കെയറിന്റെ അതേ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ ഇൻഷുറൻസ് പദ്ധതിക്കും ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർക്ക കെയർ പദ്ധതിയിൽ മടങ്ങിവന്നവരെ ഉൾപ്പെടുത്തണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിൽ 2025 സെപ്റ്റംബർ 26-ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ നിർദ്ദേശപ്രകാരം PLC-യുമായി നടത്തിയ ഹീയറിങ്ങിലാണ് നോർക്ക റൂട്സ് സി ഇ ഓ ഇത് പറഞ്ഞത്. ഈ വിഷയത്തിൽ പ്രവാസി ലീഗൽ സെൽ നൽകിയ നിവേദനം എത്രയും വേഗം സർക്കാറുമായി കൂടിയാലോചിച്ച് നോർക്ക റൂട്ട്സ് ഉത്തരവ് ഇറക്കണമെന്ന് ബഹു. ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.എന്നാൽ സർക്കാരോ നോർക്ക റൂട്സോ വിഷയത്തിൽ വേണ്ട താല്പര്യം കാണിക്കാത്തതിനെത്തുടർന്ന് പ്രവാസി ലീഗൽ സെൽ നോർക്ക പ്രത്യേക സെക്രട്ടറി ടി വി അനുപമ IAS -നെ നവംബർ 6-ന് കണ്ട് പരാതി പറഞ്ഞിരുന്നു. വിഷയത്തിൽ ഉടനെ നടപടി എടുക്കണം എന്ന സ്‌പെഷ്യൽ സെക്രട്ടറിയുടെ നിർദ്ദേശമാണ് മടങ്ങിവന്നവർക്ക് നോർക്ക കെയറിന്റെ മാതൃകയിൽ പുതിയ പദ്ധതി ആകാമെന്ന നിലപാടിലേക്ക് എത്താൻ നോർക്ക റൂട്സ് തയ്യാറാകുന്നത്.നോർക്ക റൂട്സ്, മഹിന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ്, ന്യൂ ഇൻഡ്യ അഷുറൻസ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങൾ ചേർന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് നോർക്ക കെയറിന്റെ വ്യവസ്ഥകളും നിബന്ധനകളും നിർണ്ണയിച്ചിരിക്കുന്നത്. നോർക്ക ഐ ഡി അല്ലങ്കിൽ സ്റ്റുഡന്റസ് ഐ ഡി എന്നിവ ഉള്ളവർക്ക് മാത്രമാണ് ഈ പദ്ധതിയിൽ അംഗത്വം എടുക്കാൻ കഴിയുക. മറുനാടൻ മലയാളികൾക്കും വിദേശ മലയാളികൾക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികൾക്ക് ഇതിന് കഴിയാത്തതിനാൽ പദ്ധതിയുടെ ഭാഗമാകാനും സാധ്യതയില്ല.അതുകൊണ്ടാണ് കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കും, നിലവിൽ വിദേശത്ത് ഉള്ള പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകൾ, പ്രീമിയം, ആനുകൂല്യങ്ങൾ എന്നിവയിൽ ചേരാൻ അനുമതി നൽകണമെന്ന് പ്രവാസി ലീഗൽ സെൽ നിർവ്വഹണ ഏജൻസി ആയ നോർക്ക റൂട്ട്സിനോടും കേരള സർക്കാരിനോടും അഭ്യർത്ഥിച്ചത്. വിദേശങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് റെസിഡന്റ് ഐ ഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് ആവശ്യമാണ്. എന്നാൽ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയ മുൻ പ്രവാസികളാണ് കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്, പ്രത്യേകിച്ച് 60–70+ പ്രായത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള മുതിർന്നവർ. പല വിദേശ പ്രവാസികൾക്കും അവരുടെ ആതിഥേയ രാജ്യത്തിൽ ഇന്‍ഷുറൻസ് നിലവിലുണ്ടാകാറുണ്ട്; അതിനാൽ യഥാർത്ഥ ആവശ്യം മടങ്ങിയെത്തിയ പ്രവാസികൾക്കാണ് കൂടുതൽ.
അതുകൊണ്ട് സർക്കാർ മടങ്ങിയെത്തിയ പ്രവാസികളും NORKA-CARE-യിൽ ചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടൻ പുറപ്പെടുവിക്കണമെന്നും, NORKA Roots ഉം ഇന്‍ഷുറൻസ് കമ്പനിയുമായി ചേർന്ന് പോളിസി ഷെഡ്യൂൾ ഭേദഗതി ചെയ്ത്, ആപ്പിലും പോർട്ടലിലും വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും PLC അഭ്യർത്ഥിസിച്ചിരുന്നു. ഇതൊരു ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ആയതിനാൽ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാൽ നോർക്ക റൂട്ട്സിനോ സർക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല.പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആർ മുരളീധരൻ (ജന.സെക്രട്ടറി), എം .എ. ജിഹാംഗിർ (വൈസ് പ്രസിഡന്റ്), റോഷൻ പുത്തൻപറമ്പിൽ (ട്രെഷറർ), ഷെരിഫ് കൊട്ടാരക്കര, നന്ദഗോപകുമാർ (എക്സി.അംഗം) എന്നിവർ ഹീയറിങ്ങിൽ പങ്കെടുത്തു.