ജനപങ്കാളിത്തത്തിൽ സുഹാർ മലയാളി സംഘംരക്തദാന ക്യാമ്പ് ശ്രദ്ധേയമായി

സുഹാർ: സുഹാർ മലയാളി സംഘം, ബദർ അൽ സമാ ആശുപത്രി സോഹാറുമായി സഹകരിച്ച് സുഹാർ ലുലു ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് മികച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ആറ് രാജ്യങ്ങളിൽ നിന്നുള്ള രക്തദാതാക്കൾ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി. പൊതുജനങ്ങളുടെയും, തമിഴക വെട്രി കഴകം ഒമാൻ സോഷ്യൽ വെൽഫെയർ വിങ്ങിന്റെയും സജീവ സഹകരണത്തോടെ നടന്ന ക്യാമ്പിൽ അനുവദിച്ച നാല് മണിക്കൂർ സമയത്തിനുള്ളിൽ നിശ്ചയിച്ചിരുന്ന ലക്ഷ്യം വിജയകരമായി കൈവരിച്ചു. ക്യാമ്പ് ആരംഭിച്ച് ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ നൂറിലധികം പേർ രക്തദാനം നടത്തിയതും പ്രത്യേക ശ്രദ്ധേയമായി.
ക്യാമ്പിന്റെ മികച്ച സംഘാടനത്തെ അഭിനന്ദിച്ച ഒമാൻ ആരോഗ്യ മന്ത്രാലയം ടീം ലീഡർ അബ്ദുല്ല അൽ മഅ്മരി ജനങ്ങൾക്ക് രക്തദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിൽ ഇത്തരം സംരംഭങ്ങൾ വലിയ പങ്കുവഹിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ആഗസ്റ്റിൽ ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നമെഗാ രക്തദാന ക്യാമ്പിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സുഹാർ മലയാളി സംഘം സെക്രട്ടറി വാസുദേവ് പിട്ടൻ, രക്തദാനം നടത്തിയ എല്ലാവർക്കും ആശംസ നേർന്ന് ആരോഗ്യമുള്ള ഓരോ വ്യക്തിയും സ്ഥിരമായി രക്തദാനം നടത്തി സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകണമെന്ന് അഭ്യർഥിച്ചു. അപൂർവ രക്തഗ്രൂപ്പ് ഉടമയായതിനാൽ എല്ലാ വർഷവും സ്ഥിരമായി രക്തദാനം നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കളെയും സംഘം പ്രസിഡന്റ് ജയൻ മേനോൻ അഭിനന്ദിച്ചു. രക്തദാതാക്കൾക്ക് ബദർ അൽ സമ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ കാർഡുകൾ ലേഡീസ് വിങ് കോഓഡിനേറ്റർ ബിൻസി ബിജോയ് വിതരണം ചെയ്തു. ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും കോഓഡിനേറ്റർ സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി.