യു.എ.ഇ പ്രവാസികൾക്ക് ആശ്വാസം; അൽ ഹിന്ദിന്റെ ഇന്ത്യൻപാസ്​പോർട്ട് സേവനകേന്ദ്രങ്ങൾ ഇന്ന് മുതൽ ആരംഭിക്കും

ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്​റ്റേഷൻ സേവനങ്ങൾ ബുധനാഴ്ച മുതൽ അൽഹിന്ദ് ടൂർസ്​ ആൻഡ്​ ട്രാവൽസ്​ കേന്ദ്രങ്ങൾ വഴിയാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നത് വരെ പുതുതായി കരാർ ലഭിച്ച ഏജൻസിയെയോ മുൻ സേവനദാതാക്കളെയോ പാസ്​പോർട്ട് സേവനങ്ങൾക്ക് താൽക്കാലികമായി നിയോഗിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് സുപ്രീം കോടതി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് consularsevainuae.com എന്ന വെബ്സൈറ്റ് വഴിയാണ് ഇനി അപ്പോയിന്‍റ്​മെന്റ് എടുക്കേണ്ടത്. വിവിധ എമിറേറ്റുകളിലായി 16 അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ സേവനങ്ങൾക്ക് അപേക്ഷ നൽകാനായി സജ്ജീകരിച്ചിട്ടുണ്ട്. അപ്പോയിന്‍റ്​മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പാണ് സേവനകേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെയാകും കേന്ദ്രങ്ങളുടെ പ്രവർത്തനം.
പുതുക്കിയ പാസ്പോർട്ട് സേവന നിരക്കിനൊപ്പം 19 ദിർഹം സർവീസ് ചാർജും ഇവിടെ അധികം ഈടാക്കും. ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ്, ടൈപ്പിങ്, കൊറിയർ, ഫോട്ടോകോപ്പി തുടങ്ങി അവശ്യ സേവനങ്ങൾ ഉൾപ്പെടെയാണ് ഈ സർവീസ് ചാർജെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. തൽകാൽ പാസ്പോർട്ട്, നവജാത ശിശുക്കൾക്കുള്ള പാസ്പോർട്ട്, 60 വയസ് പിന്നിട്ടവർക്കുള്ള പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവക്ക് അപ്പോയിന്റ്മെന്റില്ലാതെ സേവനകേന്ദ്രങ്ങളിൽ നേരിട്ട് എത്താമെന്നും എംബസി അറിയിച്ചു.
സേവനങ്ങൾ തടസപ്പെടാതിരിക്കാൻ തൽകാലത്തേക്ക് പുതിയ ഏജൻസിയെ സർവീസ് ഏൽപിക്കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. മൂന്നുമാസത്തിനകം പുതിയ ഏജൻസിയെ കണ്ടെത്താൻ ടെൻഡർ നൽകണമെന്നും ഉത്തരവിലുണ്ട്.
2025 നവംബറിൽ നടന്ന ടെൻഡറിൽ കരാർ സ്വന്തമാക്കിയത് അൽഹിന്ദ് ആയിരുന്നു. എന്നാൽ, ലേല നടപടികളിൽ ക്രമക്കേടുണ്ടെന്നും ഏകപക്ഷീയവുമാണെന്ന് കാട്ടി മറ്റ് കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിയമതടങ്ങളുണ്ടായതും സേവനങ്ങൾ തടസപ്പെട്ടതും. ഇതേ തുടർന്ന് കുറച്ചുദിവസങ്ങളായി എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്​പോർട്ട് സേവനങ്ങൾ നൽകി വരുകയായിരുന്നു.