
കൊച്ചി: വിദേശത്തേക്കും തിരിച്ചും ഓണക്കാലത്ത് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. എയർ ഇന്ത്യ എക്സ്പ്രസ് ഇത്തവണയും വിമാനങ്ങളിൽ ഓണസദ്യ ഒരുക്കുന്നു. ആഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ മുൻകൂട്ടി സദ്യ ബുക്ക് ചെയ്യാം. യാത്രക്ക് 18 മണിക്കൂർ മുൻപെങ്കിലും ബുക്കിങ് നടത്തണം.
ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. എയർ ഇന്ത്യ ഗ്രൂപ്പിന്റെ മാർക്കറ്റിംഗ്, ഇ-കോമേഴ്സ്, ലോയൽറ്റി മേധാവി സുനിൽ സുരേഷും ചടങ്ങിലുണ്ടായിരുന്നു. ഓണത്തെ ലോകത്തിന്റെ പല ഭാഗങ്ങളിലും എത്തിക്കാൻ ഇത്തരം ശ്രമങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാനത്തിൽ സദ്യ ഒരുക്കിയ എയർ ഇന്ത്യ എക്സ്പ്രസിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ വർഷവും ഇതേപോലെ സദ്യ ഉണ്ടായിരുന്നു.
വാഴയിലയിൽ മട്ട അരി, നെയ്യ്, പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തയ്ക്ക ഉപ്പേരി, ശർക്കര വരട്ടി, പാലട പ്രഥമൻ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് സദ്യ. കസവ് കര ഡിസൈനിലുള്ള പാക്കറ്റിലാണ് ഇത് യാത്രക്കാർക്ക് നൽകുന്നത്. 500 രൂപയാണ് വില.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി മാസം 2850 ഓളം സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. ഇതിൽ 70 ശതമാനവും അബുദാബി, ആൽ ഐൻ, ബഹ്റൈൻ, ദമാം, ദോഹ, ദുബായ്, ജിദ്ദ, കുവൈറ്റ്, മസ്കറ്റ്, റാസൽഖൈമ, റിയാദ്, സലാല, ഷാർജ ഉൾപ്പെടെയുള്ള ഗൾഫ് വിമാനത്താവളങ്ങളിലേക്കാണ്.










