ഇന്ത്യയുടെ രുചിയും നിറവും നിറഞ്ഞ് ഒമാൻ;ലുലു ഇന്ത്യ ഉത്സവ് 2026 ആരംഭിച്ചു

മസ്‌കത്ത്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒമാനിലെ പ്രധാനപ്പെട്ട ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ലുലു ഇന്ത്യ ഉത്സവ് 2026’ ആരംഭിച്ചു. “ഇന്ത്യയെ രുചിക്കൂ, കണ്ടെത്തൂ, ആഘോഷിക്കൂ” എന്ന സന്ദേശവുമായി ഒരാഴ്ച നീളുന്ന ഈ പരിപാടി ഭാരതത്തിന്റെ വിഭവ വൈവിധ്യവും സംസ്‌കാരവും പാരമ്പര്യവും ഒരുമിച്ചു കൊണ്ടുവരുന്നതാണ്.
കേവലം ഭക്ഷ്യോത്പന്നങ്ങളുടെ പ്രദർശനത്തിനപ്പുറം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തെരുവ് വിഭവങ്ങൾ, കലാരൂപങ്ങൾ, തലമുറകൾ കൈമാറിവരുന്ന കഥകൾ എന്നിവയെല്ലാം അവതരിപ്പിക്കുന്ന ഒരു സാംസ്‌കാരിക വേദിയായാണ് സംഘാടകർ ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യ-ഒമാൻ ബന്ധത്തിന്റെ ചരിത്രപരമായ ആഴവും സാംസ്‌കാരിക കൈമാറ്റവും ഈ ആഘോഷത്തിലൂടെ പ്രതിഫലിക്കുന്നു.
ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ഇന്ത്യ ഉത്സവ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് അധികൃതരും ഇന്ത്യൻ സമൂഹാംഗങ്ങളും പ്രാദേശിക പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെയും ജനങ്ങൾ തമ്മിലുള്ള അടുപ്പത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അംബാസഡർ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.
ഭക്ഷണത്തിനും ഷോപ്പിംഗിനും അപ്പുറം ഇന്ത്യയെ വേറിട്ടതാക്കുന്ന അനുഭവങ്ങൾ ഒമാൻ നിവാസികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ റീജണൽ ഡയറക്ടർ അൻവർ സാദത്ത് വ്യക്തമാക്കി. ഇന്ത്യൻ സമൂഹത്തിന് മാത്രമായുള്ള ആഘോഷമല്ല ഇതെന്നും, ഇന്ത്യയുടെ വൈവിധ്യം എല്ലാവർക്കും അനുഭവിക്കാനുള്ള അവസരമാണെന്നും വിവിധ സംസ്‌കാരങ്ങൾ കൂടിച്ചേരുന്ന വേദിയൊരുക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഗന്ധവ്യഞ്ജനങ്ങൾ, സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷണങ്ങൾ, പുതുതായി എത്തിക്കുന്ന പഴം-പച്ചക്കറികൾ, മധുരപലഹാരങ്ങൾ, ഉത്സവ സ്‌പെഷ്യൽ വിഭവങ്ങൾ എന്നിവയ്‌ക്കൊപ്പം തത്സമയം പാകം ചെയ്യുന്ന പ്രാദേശിക-തെരുവ് വിഭവങ്ങളും പ്രധാന ആകർഷണങ്ങളാണ്. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പരമ്പരാഗതവും ആധുനികവുമായ വസ്ത്ര ശേഖരവും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
തിരഞ്ഞെടുത്ത ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് നിലവിൽ ഉത്സവം നടക്കുന്നതെങ്കിലും, ചില ഉൽപ്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും ലഭ്യമാണ്. വിവിധ ദേശക്കാർ ഒരുമിച്ചു ജീവിക്കുന്ന ഒമാന്റെ ബഹുസ്വര സ്വഭാവത്തിന്റെ പ്രതിഫലനമായാണ് ലുലു ഈ ഉത്സവത്തെ കാണുന്നത്.