
സലാല: ഖരീഫ് കാലത്തെ കോടമഞ്ഞും കുളിർമഴയും ആസ്വദിക്കാൻ ദോഫാറിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തിയതായി കണക്കുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഖരീഫ് സീസൺ ആരംഭിച്ച ജൂൺ 21 മുതൽ ആഗസ്റ്റ് 15 വരെയുള്ള കണക്കുകൾ പ്രകാരം 8,81,424 സഞ്ചാരികളാണ് ദോഫാറിലെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8.27 ലക്ഷം പേർ എത്തിയ സ്ഥാനത്താണിത്. 6.6 ശതമാനത്തിന്റെ വളർച്ചയാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്.
സന്ദർശകരിൽ ഭൂരിഭാഗവും ഒമാൻ സ്വദേശികളാണെന്നും പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. 6.39 ലക്ഷമാളുകളാണ് ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദോഫാറിലെത്തിയത്. ആകെ സന്ദർശകരുടെ 72.5 ശതമാനമാണിത്. മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ 1.43 ലക്ഷത്തിൽ നിന്ന് 1.56 ലക്ഷമായി ഉയർന്നു. എന്നാൽ, മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണം 92,107-ൽ നിന്ന് 85,848 ആയി കുറഞ്ഞു.
വിമാനമാർഗം ദോഫാറിലെത്തിയവരുടെ എണ്ണത്തിൽ 13.6 ശതമാനത്തിന്റെ ശ്രദ്ധേയ വർധനവാണുണ്ടായത്. കഴിഞ്ഞ വർഷത്തെ 1.87 ലക്ഷത്തിൽ നിന്ന് 2.12 ലക്ഷമായാണ് ഇത് ഉയർന്നത്. റോഡുമാർഗം എത്തിയവരുടെ എണ്ണം 6.68 ലക്ഷമായും ഉയർന്നു.
ജൂലൈ മാസമാണ് കൂടുതൽ സഞ്ചാരികളെത്തിയത്, 4.51 ലക്ഷം. ജൂൺ 21 മുതൽ 30 വരെ 21,094 പേരും ആഗസ്റ്റ് ഒന്നു മുതൽ 15 വരെ 4,08,975 പേരും ദോഫാർ സന്ദർശിച്ചു. മൊത്തം സന്ദർശകരുടെ 46.4 ശതമാനമാണ് ആഗസ്റ്റ് ആദ്യ പകുതിയിൽ എത്തിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.










