ജർമ്മനി ബോഹുമിൽ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികൾ ദാരുണമായി കൊല്ലപ്പെട്ടു

ജർമ്മനി: ജർമ്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി( 26) എന്നിവരാണ് മരിച്ചത്. ഇടുക്കി ശാന്തിഗ്രാം സ്വദേശിയായ സാബുവിന്റെ മകളാണ് നോവ സാബു. ജോലിക്കായി ആറു മാസം മുൻപാണ് നോവ ജർമനിയിൽ എത്തപ്പെട്ടത് . ‌സിവിൻ സോണി ഒരു മാസം മുൻപാണ് പഠനത്തിനായി ജർമനിയിലേക്ക് പോയത്. ഒരു സഹോദരൻ ജർമ്മനിയിൽ ഉണ്ട്.
നോവ താമസിച്ചിരുന്ന അപ്പാർട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. അതേസമയം, ഫ്ലാറ്റിന് തീയിട്ടതാണെന്ന സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു റൊമാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കൂടുതൽ വിവരങ്ങൾ :

ബോഹുമിലെ തീപിടിത്തം: മരിച്ച മൂന്ന് പേരും ഇന്ത്യൻ പൗരന്മാർ; തീപിടിത്തത്തിന് പിന്നിൽ തീവെപ്പെന്ന് സംശയം

ബോഹുമിലെ ഹോഫ്സ്റ്റെഡെ മേഖലയിലുള്ള വീട്ടിലെ 41 വയസ്സുള്ള താമസക്കാരനെതിരെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രാഥമിക സംശയമുണ്ടെന്ന് ബോഹും പോലീസ് വ്യക്തമാക്കി . ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകക്കേസുകൾ അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ഇയാളെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.പോലീസ് വിവരമനുസരിച്ച്, തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധർ കെട്ടിടത്തിൽ പരിശോധന നടത്തി. സാങ്കേതിക തകരാർ മൂലമാണ് തീപിടിച്ചതെന്ന സാധ്യത തള്ളിക്കളയാനായതോടെ, മനഃപൂർവമോ അബദ്ധത്തിലോ തീപിടിത്തമുണ്ടായതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.മരിച്ച മൂന്ന് പേരും ഇന്ത്യൻ പൗരന്മാരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 25, 27 വയസ്സുള്ള രണ്ട് സ്ത്രീകളും 26 വയസ്സുള്ള ഒരു പുരുഷനുമാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് ബഹുനില താമസക്കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കെട്ടിടത്തിന്റെ പടിക്കെട്ടിലൂടെ തീ മുകളിലേക്ക് പടർന്നതിനാൽ, സാധാരണ രീതിയിൽ പടിക്കെട്ട് ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേനയ്ക്ക് കഴിഞ്ഞില്ല. ഇതോടെ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിലെ 41 വയസ്സുള്ള താമസക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീപിടിത്തം മനഃപൂർവമുണ്ടാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.ബോഹുമിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ കഴിഞ്ഞ ഞായറാഴ്ചയും പോലീസ് എത്തിയിരുന്നു. എന്നാൽ, അന്ന് രണ്ട് പേർ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു പോലീസിന്റെ ഇടപെടലെന്ന് അധികൃതർ അറിയിച്ചു.ഇതിന് മുമ്പും വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ കെട്ടിടത്തിൽ പോലീസ് പലതവണ എത്തിയിട്ടുണ്ട്. എന്നാൽ, മുൻകാല സംഭവങ്ങൾക്ക് ഇപ്പോഴുണ്ടായ തീപിടിത്തവുമായി ബന്ധമുണ്ടെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
സോഴ്സ് : https://www.tagesschau.de/