
മസ്കത്ത്: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശി ഷബീർ ബഷീർ (35) ആണ് മരിച്ചത്. അൽ ഹെയിലിൽ വെള്ളിയാഴ്ച രാവിലെ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. ജിഫ്നൈൻ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഷബീറിന് മത്സരത്തിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലക്ട്രോമാൻ എൽ.എൽ.സി.യിലെ ജീവനക്കാരനായ ഷബീർ കഴിഞ്ഞ 14 വർഷത്തോളമായി ഒമാനിലുണ്ട്. ഭാര്യയും മകനുമടങ്ങുന്ന കുടുംബം മസ്കത്തിലുണ്ട്.











