കുവൈറ്റ് ;നവജാത ശിശുവിന്‍റെ മൃതദേഹം മാൻഹോളിൽ കണ്ടെത്തി

കുവൈറ്റ്:നവജാത ശിശുവിന്‍റെ മൃതദേഹം മാൻഹോളില്‍ കണ്ടെത്തി. മുഷ്‌രിഫ് ഏരിയയിലെ മലിനജല ഡ്രെയിനേജ് മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ട ഒരു പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഹവല്ലി ഗവർണറേറ്റ് ഡയറക്ടറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. ഫോറൻസിക് വിദഗ്ധരും ഫോറൻസിക് ഡോക്ടറും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറും കുഞ്ഞിന്‍റെ മൃതദേഹം പരിശോധിച്ചു. മൃതദേഹം പുറത്തെടുക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടതായും ഫോറൻസിക് മെഡിസിൻ വകുപ്പിന് കൈമാറിയതായും അധികൃതര്‍ വ്യക്തമാക്കി . സംഭവത്തില്‍ ബയാൻ പോലീസ് സ്റ്റേഷനിൽ ആസൂത്രിത കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.