ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ:ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ മാസം പെയ്ത മഴകൾ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം കൂട്ടിയിട്ടുണ്ട്. പൊതുജനങ്ങള്‍ പനിക്കെതിരെ മുന്‍കരുതലുകള്‍ എടുക്കണമൊന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം.ഈഡിസ് ഈജിപ്തി കൊതുകാണ് പ്രധാനമായും ഡെങ്കിപ്പനി കാരണമാകുന്ന വൈറസ് പരത്തുന്നത്.
തലവേദന, കടുത്ത പനി, കണ്ണിനു പിന്നിലെ വേദന, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഒരാളെ കുത്തിയ കൊതുക് മറ്റൊരാളെ കടിക്കുന്നതിലൂടെയാണ് രോഗം പകരുക. അതേസമയം രോഗം ബാധിച്ച പലരിലും ലക്ഷണം കാണിക്കണമെന്നില്ല. അഥവാ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ആശുപത്രിയിലെത്തി അടിയന്തര ചികിത്സ തേടണമെന്നും മന്ത്രാലയം അറിയിച്ചു.