ഒമാനിലെ സാന്നിധ്യം വിപുലമാക്കി ലുലു; സലാലയിൽ പുതിയ സ്റ്റോർ തുറന്നു

സലാല: ഒമാനിലെ റീട്ടെയിൽ സാന്നിധ്യം വിപുലമാക്കി ലുലു. സലാലയിലെ അൽ മുറൂജിൽ തുറന്ന പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ സലാല വിലായത്ത് വാലി ശൈഖ് ​ഡോ. സൈദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ല അൽ ഹാർത്തി ഉദ്ഘാടനം ചെയ്തു. ലുലു ഒമാൻ ഡയറക്ടർ കെ.എ. ഷബീർ തുടങ്ങി ലുലു ഗ്രൂപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥരും മറ്റു വിശിഷ്ട വ്യക്തികളും ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചു.
സലാലയിലെ വളർന്നുവരുന്ന നഗര പാർപ്പിട മേഖലകളിലുള്ളവർക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ തന്ത്രപ്രധാനമായ സ്ഥാനത്താണ് പുതിയ എക്സ്പ്രസ് സ്റ്റോർ സ്ഥാപിച്ചിരിക്കുന്നത്. 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്റ്റോറിൽ ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് എളുപ്പം ഷോപ്പിങ് നടത്തുന്നതിനായി സ്വയം ബില്ലിംഗ് ചെയ്യാൻ സാധിക്കുന്ന സെൽഫ്-ചെക്കൗട്ട് കിയോസ്കുകൾ (self-checkout kiosks), എക്സ്പ്രസ് കൗണ്ടറുകൾ, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയും ഈ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്. സുൽത്താനേറ്റിലെ സാന്നിധ്യം വിപുലമാക്കുന്നതിനുള്ള പ്രതിബദ്ധതക്ക് ഒപ്പം സൗകര്യപ്രദവും ആധുനികവും ഉപ​ഭോക്തൃ കേന്ദ്രീകൃതവുമായ റീട്ടെയിൽ അനുഭവവും ഒരുക്കുന്നതിന്റെ ഭാഗമായാണ് സലാലയിലെ പുതിയ എക്സ്പ്രസ് സ്റ്റോറെന്ന് ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു. വിപുലീകരണ പ്രവർത്തനങ്ങൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഒപ്പം മേഖലയുടെ സാമ്പത്തിക പുരോഗതിക്ക് സഹായകരമാകുമെന്നും ഷബീർ പറഞ്ഞു.