
മസ്കത്ത്: ഒമാനിൽ ശമനമില്ലാതെ ഉഷ്ണതരംഗം. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഒമാൻ കടലിനോട് അഭിമുഖമായുള്ള പ്രദേശങ്ങളിലും മരുഭൂ മേഖലകൾ അടക്കമുള്ളവയിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിക്ക് കീഴിലുള്ള ദേശീയ ദുരന്ത നിവാരണ മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച മസ്കത്തിൽ 41 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിരുന്നു. പുറത്ത് ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ഉച്ചക്ക് ശേഷമുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് പതിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.









