
മസ്കത്ത്: മസ്കത്ത്, ദാഖിലിയ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിൽ 18000ത്തിലധികം കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ പിടിച്ചെടുത്തതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ജൂലൈ 25ന് അവസാനിച്ച ആഴ്ചയിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 54000ത്തോളം പുകയില ഉൽപന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ദോഫാർ ഖരീഫ് സീസണിന്റെ ഭാഗമായി ‘നിങ്ങളുടെ അറിവ്, നിങ്ങളുടെ സുരക്ഷ’ എന്ന തലക്കെട്ടിൽ അതോറിറ്റി നടത്തുന്ന ഉപഭോക്തൃ ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. മസ്കത്ത്, ദാഖിലിയ ഗവർണറേറ്റുകളിലെ വിവിധ വാണിജ്യസ്ഥാപനങ്ങളിൽ നിന്നാണ് ഇത്രയും ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. നിരോധിത ഉൽപന്നങ്ങളുടെ വിൽപന തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനകളിൽ തെക്കൻ ശർഖിയ, വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ നിന്നാണ് പുകയില ഉൽപന്നങ്ങളും നിരോധിത സിഗരറ്റുകളും പിടിച്ചെടുത്തത്. നിർമാണ തകരാറുകൾ പരിഹരിക്കാൻ 2019–2023 കാലയളവിൽ നിർമിച്ച 2266 ലക്സസ് വാഹനങ്ങളും 2022–2025 കാലയളവിൽ നിർമിച്ച 174 ബി.എം.ഡബ്ല്യു വാഹനങ്ങളും തിരിച്ചുവിളിച്ചതായും അധികൃതർ അറിയിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ വിവിധ പരാതികളിൽ ഉപഭോക്താക്കൾക്കായി 4000ത്തിലധികം റിയാൽ തിരികെ വാങ്ങിനൽകി. 32000 റിയാലിന്റെ വാഹനം മാറ്റിനൽകാനും നടപടി സ്വീകരിച്ചു. ദാഹിറ, മസ്കത്ത് ഗവർണറേറ്റുകളിലെ വിവിധ സ്ഥാപനങ്ങൾക്കെതിരെ ഉപഭോക്തൃ നിയമലംഘനത്തിന് പിഴശിക്ഷയടക്കം നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. അടുത്തിടെ നടത്തിയ പരിശോധനയിൽ മസ്കത്തിൽ നിന്ന് കാലാവധി കഴിഞ്ഞ 17,000 ത്തിലധികം സൗന്ദര്യവർധക ഉൽപന്നങ്ങൾ ഉപഭോക്തൃ അതോറിറ്റി പിടിച്ചെടുത്തിരുന്നു.










