
മസ്കത്ത്: 60 വയസിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികൾക്ക് പുതിയ തൊഴിൽവിസ അനുവദിക്കലും നിലവിലുള്ളത് പുതുക്കുന്നതും ഒമാൻ നിർത്തലാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തേ നിലവിലുണ്ടായിരുന്നതാണ് ഈ നിയമം. 2022ലാണ് പ്രായമുള്ള വിദേശ തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിൽ ജോലി തുടരാൻ അനുവദിക്കും വിധം നിയമത്തിൽ മാറ്റം വരുത്തിയത്. വിസ പുതുക്കാനാകില്ലെന്ന നിയമം പുനസ്ഥാപിച്ചത് മലയാളികൾ അടക്കമുള്ളവരെ ബാധിക്കുന്നതാണ്. ഇവരുടെ തൊഴിൽ ഉടമകൾ പലവട്ടം തൊഴിൽ മന്ത്രാലയത്തിൽ വിസ പുതുക്കാൻ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. വിസ പുതുക്കി നൽകാത്തതിനെ തുടർന്ന് പലരും നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. നിയമത്തിൽ മാറ്റം വരുമെന്ന പ്രതീക്ഷയിൽ വിസാ കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തുടരുന്നവരുണ്ട്. ഇവർക്ക് ഇനി നാട്ടിലേക്ക് മടങ്ങണമെങ്കിൽ അനധികൃത താമസത്തിന് പിഴയൊടുക്കേണ്ടിവരും.











