വധശിക്ഷ മുതൽ ജീവ പര്യന്തം തടവുവരെ; ഒമാനിലെ നിർദിഷ്ടമയക്കുമരുന്ന് വിരുദ്ധ നിയമം വ്യവസ്ഥ ചെയ്യുന്നത് കടുത്ത ശിക്ഷകൾ

മസ്‌കത്ത്: മയക്കുമരുന്നിനും സൈക്കോട്രോപിക് വസ്തുക്കൾക്കുമെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ഒമാനിലെ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത് കർശന ശിക്ഷകൾ. രാജകീയ ഉത്തരവ് നമ്പർ 67/2026 പ്രകാരം പുറപ്പെടുവിച്ച ഈ നിയമം ലംഘിക്കുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്നു.
കടത്ത് ലക്ഷ്യമിട്ട് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ഉത്പാദിപ്പിക്കുന്നതിനും നിർമിക്കുന്നതിനും 35,000 മുതൽ 60,000 വരെ ഒമാനി റിയാൽ പിഴ നിയമത്തിൽ അനുശാസിക്കുന്നു.
വാണിജ്യപരമായി വിൽക്കാൻ ലക്ഷ്യമിട്ട് വൻതോതിൽ മയക്കുമരുന്ന് കടത്ത് (smuggling) നടത്തുന്നവർക്കും ആവർത്തിച്ച് കുറ്റം ചെയ്യുന്നവർക്കും, അധികാര ദുർവിനിയോഗം നടത്തുന്നവർക്കും, നിയമപരമായ പ്രതിരോധം ദുരുപയോഗം ചെയ്യുന്നവർക്കും, പ്രായപൂർത്തിയാകാത്തവരെയോ മാനസികശേഷി കുറഞ്ഞവരെയോ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്നവർക്കും, അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി സഹകരിക്കുന്നവർക്കും വധശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
വാണിജ്യ വിൽപന ലക്ഷ്യമിട്ട് മയക്കുമരുന്ന് കൈവശം വെക്കൽ, കടത്തൽ, വിൽക്കുക, കൈമാറുക, വിതരണം ചെയ്യുക എന്നിവയ്ക്ക് കുറഞ്ഞത് 15 വർഷം തടവും 10,000 മുതൽ 25,000 വരെ റിയാൽ പിഴയും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക-കായിക കേന്ദ്രങ്ങൾ, തിരുത്തൽ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ക്യാമ്പുകൾ, ജയിലുകൾ എന്നിവിടങ്ങളിൽ കുറ്റകൃത്യം നടത്തിയാലോ പ്രായപൂർത്തിയാകാത്തവർക്കും മാനസികശേഷി കുറഞ്ഞവർക്ക് മയക്കുമരുന്ന് നൽകിയാലോ ശിക്ഷ ജീവപര്യന്തമായി ഉയർത്താം.
വ്യക്തിപരമായ ഉപയോഗത്തിന് മയക്കുമരുന്ന് കൈവശം വയ്ക്കുകയോ വാങ്ങുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യുന്നവർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 1,000 മുതൽ 5,000 വരെ റിയാൽ പിഴയും ലഭിക്കും. എന്നാൽ ജയിൽ ശിക്ഷയ്ക്ക് പകരം പുനരധിവാസ കേന്ദ്രത്തിലോ പ്രത്യേക ക്ലിനിക്കുകളിലോ ചികിത്സ നൽകാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്.
നേരത്തെ രണ്ടുതവണ പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കോ അഞ്ച് വർഷത്തിനുള്ളിൽ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയവർക്കോ വീണ്ടും ഈ ആനുകൂല്യം ലഭിക്കില്ല. കോടതി ഉത്തരവ് പ്രകാരം മാത്രമേ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് മോചനം ലഭിക്കൂ. ചികിത്സാ കാലാവധി ആറ് മാസത്തിൽ കുറയാനോ ഒരു വർഷത്തിൽ കൂടാനോ പാടില്ല. സ്വമേധയാ ചികിത്സയ്ക്കായി അധികൃതരെ സമീപിക്കുന്നവർക്കോ അടുത്ത ബന്ധുക്കൾ മുഖേന റഫർ ചെയ്യപ്പെടുന്നവർക്കോ ക്രിമിനൽ കുറ്റം ചുമത്തില്ല.
ഒമാനി പൗരന്മാരായ കുറ്റവാളികൾക്കെതിരെ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കൽ, നിർബന്ധിത തൊഴിൽ പരിശീലനം, ആനുകാലിക വൈദ്യപരിശോധന, താമസ നിയന്ത്രണം, ഇലക്ട്രോണിക് നിരീക്ഷണം, യാത്രാ വിലക്ക്, ചില സ്ഥലങ്ങളിലേക്കുള്ള പ്രവേശന നിരോധനം, തൊഴിൽ വിലക്ക്, പൊതുസേവന നിയോഗം തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ കോടതിക്ക് അധികാരമുണ്ട്.