ഇനിമുതൽ   വിദേശ വിദ്യാർത്ഥികൾക്ക് സ്റ്റുഡന്‍റ് വിസയിൽ സൗദിയിൽ പഠിക്കാം

ദമ്മാം : സൗദിയിൽ പഠനം നടത്തുവാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി പുതിയ വിദ്യാഭ്യാസ വിസ സേവനം ആരംഭിക്കുന്നതായി സൗദി അറേബ്യ. വിദ്യാഭ്യാസ, ഗവേഷണ മേഖലകൾ ഉത്തേജിപ്പിക്കുന്നതിനായി വിദേശ വിദ്യാർത്ഥികളെയും അക്കാദമിക് വിദഗ്ധരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനാണ് വിസ അവതരിപ്പിച്ചിരിക്കുന്നത് . വ്യാഴാഴ്ച റിയാദില്‍ സമാപിച്ച ദ്വിദിന ഹ്യൂമന്‍ കപ്പാസിറ്റി ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനംഉണ്ടായതു .സൗദി സർവ്വകലാശാലകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത “സ്റ്റഡി ഇൻ സൗദി അറേബ്യ” പ്ലാറ്റ്‌ഫോമിലൂടെയാണ് വിസ ലഭ്യമാകുന്നത് . ഇതുവഴി ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷിക്കാനാകും. ഈ പ്ലാറ്റ്ഫോമിൽ വിവിധ ഭാഷകളിൽ സേവനം ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വിദ്യാഭ്യാസ ഓപ്ഷനുകൾ ഇതിലൂടെ തിരഞ്ഞെടുക്കാൻ സാധിക്കും.വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അനുബന്ധ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ ഈ സംവിധാനം വഴി എളുപ്പത്തിൽ പൂർത്തീകരിക്കാൻ സാധിക്കും.