
മനാമ: കടുത്ത വേനൽച്ചൂടിൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ബഹ്റൈനിൽ നടപ്പാക്കിയിരിക്കുന്ന മധ്യാഹ്ന തൊഴിൽനിരോധനത്തിന്റെ ഭാഗമായി തൊഴിൽ-നിയമകാര്യ മന്ത്രി യൂസിഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ് വിവിധ നിർമാണ പദ്ധതികൾ സന്ദർശിച്ച് നേരിട്ടുള്ള പരിശോധന നടത്തി.2026-ലെ മന്ത്രിതല ഉത്തരവ് നമ്പർ (5) പ്രകാരം ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. തൊഴിലാളികളെ അതിശക്തമായ ചൂടിന്റെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിക്കുകയെന്നതാണ് നടപടിയുടെ ലക്ഷ്യം.പരിശോധനയ്ക്കിടെ വിവിധ നിർമാണ കേന്ദ്രങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ മന്ത്രി വിലയിരുത്തുകയും തൊഴിൽ സുരക്ഷാ മേൽനോട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. വേനൽക്കാലത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും തൊഴിൽ അപകടങ്ങളും ഒഴിവാക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.മധ്യാഹ്ന തൊഴിൽനിരോധന ഉത്തരവ് കമ്പനികൾ മികച്ച രീതിയിൽ പാലിക്കുന്നതായി മന്ത്രി അഭിനന്ദിച്ചു. തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിൽ തൊഴിലുടമകൾ ഉയർന്ന ഉത്തരവാദിത്വബോധമാണ് പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തൊഴിൽ സുരക്ഷയിലും ആരോഗ്യ സംരക്ഷണത്തിലും ബഹ്റൈൻ സ്വീകരിക്കുന്ന മാതൃകാപരമായ സമീപനത്തിന്റെ തെളിവാണ് ഈ നിയമത്തിന്റെ വിജയകരമായ നടപ്പാക്കലെന്നും, തൊഴിലാളികളുടെ ക്ഷേമവും ഉൽപാദനക്ഷമതയും ഒരുപോലെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
മധ്യാഹ്ന നിയന്ത്രണ സമയങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധനാ സംഘം ദിവസേന വിവിധ തൊഴിൽ കേന്ദ്രങ്ങളിൽ പരിശോധന തുടരുന്നുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ കുടിവെള്ളം, മതിയായ വിശ്രമസൗകര്യം, ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകൾ, മറ്റ് തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടോ എന്നതും പരിശോധനയുടെ ഭാഗമാണ്.
പരിശോധനയിൽ നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള തൊഴിൽ നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട ജുഡീഷ്യൽ അധികാരികൾക്ക് കൈമാറി നിയമനടപടികൾ സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.







