
സുഹാർ: നോർത്ത് ബാത്തിന സൗഹൃദ വേദി അവതരിപ്പിക്കുന്ന ‘വർണോത്സവം 2026’ന്റെ പോസ്റ്റർ പ്രകാശനം ഫലജിലെ ബദർ അൽ സമ ഹാളിൽ നടന്നു. സാമൂഹിക പ്രവർത്തകൻ തമ്പാൻ തളിപ്പറമ്പയിൽ നിന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാർ മേഖല പ്രസിഡന്റ് രാജേഷ് കൊണ്ടാല പോസ്റ്റർ ഏറ്റു വാങ്ങി പ്രകാശനം ചെയ്തു. ഒക്ടോബർ 23 ന് രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന ഫുട്ബാൾ ടൂർണമെന്റും ഒക്ടോബർ 30 ന് വെള്ളിയാഴ്ച കുടുംബ സംഗമവും, സാംസ്‌കാരിക സദസും കലാപരിപാടികളും അരങ്ങേറും.
കലാഭവൻ മണിയുടെ പാട്ടുകൾ അതേപടി അനുകരിച്ചു പാടുകയും മിമിക്രി വൺമാൻ ഷോ ആയി അവതരിപ്പിക്കുകയും ചെയ്യുന്ന രഞ്ജു ചാലക്കുടി യുടെ ‘മണിനാദം’ എന്ന പരിപാടിയും, ആരവം ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേളയും, സുഹാറിലെ അമ്മ ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന ഡാൻസും മുഖ്യ പരിപാടിയായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
പ്രകാശന ചടങ്ങിൽ ജയ്സൺ പൗലോസ് അധ്യക്ഷത വഹിച്ചു. സുരേഷ് ആറ്റക്കര സ്വാഗതം പറഞ്ഞു. ബാത്തിന മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പേർ ആശംസകൾ നേർന്ന് സംസാരിച്ചു. വർണോത്സവം പരിപാടിയുടെ ഭാഗമായി ഒക്ടോബർ 23 ന് ഫുട്ബോൾ ടൂർണമെന്റ് ഫലജിലും ഒക്ടോബർ 30 ന് നടക്കുന്ന കലാപരിപാടികൾ സുഹാർ ലാ പേൾ ഹാളിലും നടക്കും പ്രവേശനം സൗജന്യമായിരിക്കും.











