ഖസബിൽ നിന്ന് ദിബ്ബയിലേക്ക് 55 മിനിറ്റ് കൊണ്ട് എത്താം;പുതിയ റോഡ് നിർമാണം അവസാനഘട്ടത്തിലേക്ക്

ഖസബ്: മുസന്ദം ഗവർണറേറ്റിലെ വിനോദസഞ്ചാര, സാമ്പത്തിക, നിക്ഷേപ മേഖലകളിൽ വൻകുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ് പദ്ധതിയുടെ നിർമാണം അവസാനഘട്ടത്തിലേക്ക് കടന്നു. ദിബ്ബ, ലിമ, ഖസബ് എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് നിർമാണത്തിന്റെ 76 ശതമാനവും പൂർത്തിയായതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ പ്രൊജക്ട് ഡയറക്ടർ എൻജിനീയർ ഹംദാൻ ബിൻ ആമിർ അൽ ഇസായി വ്യക്തമാക്കി.
151ദശലക്ഷത്തിലധികം ഒമാനി റിയാൽ ചെലവഴിച്ചുള്ള റോഡിന്റെ ആകെ നീളം 72 കിലോമീറ്ററാണ്. ഖസബ് മുതൽ ലിമ വരെയുള്ള 20 കിലോമീറ്ററാണ് ആദ്യഘട്ടം. ലിമ പ്രദേശത്തിനുള്ളിലെ എട്ടു കിലോമീറ്ററിലാണ് രണ്ടാംഘട്ട നിർമാണം. ലിമക്കും ദിബ്ബക്കും ഇടയിലെ 44 കിലോമീറ്ററാണ് മൂന്നാംഘട്ടം. ലിമ- ദിബ്ബ റൂട്ടിലാണ് ഏറ്റവും നീളമേറിയ പാത നിർമിച്ചിട്ടുള്ളത്.
മുസന്ദം മേഖലയിലെ മലനിരകളുടെ ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്താണ് റോഡ് രൂപകൽപന ചെയ്തിരിക്കുന്നത്. . ഇരുദിശകളിലേക്കുമായി രണ്ട് വരികളുള്ള പാതയുടെ ഓരോ വരിക്കും 3.6 മീറ്ററാണ് വീതി. കൂടാതെ 1.5 മീറ്റർ വീതിയുള്ള സൈഡ് ഷോൾഡറുകളും ഭാവിയിൽ ഗതാഗത ആവശ്യാനുസരണം റോഡ് വീതികൂട്ടാൻ സഹായിക്കുന്ന മൺതിട്ടകളും നിർമിച്ചിട്ടുണ്ട്. മഴയിൽ റോഡ് തകരാതിരിക്കാൻ 198 കോൺക്രീറ്റ് അഴുക്കുച്ചാൽ സംവിധാനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റോഡ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഖസബിനും ദിബ്ബക്കുമിടയിലുള്ള യാത്രാസമയം വെറും 55 മിനിറ്റായി ചുരുങ്ങും. ലിമക്കും ഖസബിനും ഇടയിലുള്ള യാത്രക്ക് 20 മിനിറ്റ് മാത്രം മതിയാകും. യു.എ.ഇയിൽ നിന്നുള്ള സഞ്ചാരികൾക്ക് പുതിയ റോഡ് വരുന്നത് ഏറെ ഉപകാരപ്രദമാകും. റാസൽഖൈമയിലെ അൽ ദാര അതിർത്തിവഴിയാണ് യു.എ.ഇയിൽ നിന്നുള്ളവർ ഖസബിലേക്ക് കടക്കുന്നത്. ഒമാനിൽ നിന്നുള്ളവർക്ക് ഷിനാസിൽ നിന്ന് ഫെറി സർവിസ് വഴിയും അല്ലെങ്കിൽ മസ്കത്തിൽ നിന്ന് വിമാനമാർഗവുമാണ് ഇവിടെയെത്താനാവുക. ഖസബിൽ നിന്ന് ദിബ്ബയിലേക്ക് റോഡ് പോകണമെങ്കിൽ യു.എ.ഇ അതിർത്തി കടന്ന് മൂന്ന് മണിക്കൂറോളം സഞ്ചരിക്കണം. പുതിയ റോഡ് തുറക്കുന്നതോടെ ഇനി ഒമാനിലൂടെ തന്നെ ദിബ്ബയിലേക്ക് പോകാൻ കഴിയും.