
മസ്കത്ത്: ഒമാനിലെ ബിസിനസ് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാർപ്പ് മിഡിലീസ്റ്റ് എഫ്.ഇസഡ്.ഇ, അൽ ഹഷർ ഗ്രൂപ്പുമായി വിതരണ കരാറിൽ ഒപ്പുവച്ചു.
ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്തെ ഷാർപ്പിന്റെ ആഗോള വൈദഗ്ധ്യവും അൽ ഹഷർ ഗ്രൂപ്പിന്റെ ശക്തമായ പ്രാദേശിക വിപണി സാന്നിധ്യവും വിതരണ ശേഷിയും സംയോജിപ്പിക്കുന്നതാണ് പുതിയ കരാർ. ഒമാൻ വിപണിയിലെ ഷാർപ്പിന്റെ വളർച്ചാ തന്ത്രത്തിലെ സുപ്രധാന ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
മസ്കത്തിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇരു കമ്പനികളും കരാർ പ്രഖ്യാപിച്ചത്. നൂതന ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യമെന്നും, ഒമാനിൽ ശക്തവും സുസ്ഥിരവുമായ സാന്നിധ്യം കെട്ടിപ്പടുക്കാൻ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതായും കമ്പനി അധികൃതർ അറിയിച്ചു.
പശ്ചിമേഷ്യ, ആഫ്രിക്ക, മധ്യേഷ്യ, കോക്കസസ് മേഖലകളിലെ ഷാർപ്പിന്റെ പ്രാദേശിക പ്രവർത്തന കേന്ദ്രമാണ് ദുബൈ ആസ്ഥാനമായുള്ള ഷാർപ്പ് മിഡിലീസ്റ്റ്. 76 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പ്രവർത്തനങ്ങളുള്ള മിഡിലീസ്റ്റ് വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്കനുസൃതമായ ഉപഭോക്തൃ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ എന്നിവയുടെ പോർട്ട്ഫോളിയോയിലൂടെ ബ്രാൻഡിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നു.
അൽ ഹഷർ ഗ്രൂപ്പുമായുള്ള പുതിയ പങ്കാളിത്തം ഒമാനിലുടനീളം ഷാർപ്പിന്റെ സാന്നിധ്യം വർധിപ്പിക്കുമെന്നും, ബ്രാൻഡിന്റെ ആഗോള സാങ്കേതിക പൈതൃകവും നവീകരണത്തോടുള്ള പ്രതിബദ്ധതയും അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്കും ബിസിനസ് പങ്കാളികൾക്കും സ്വന്തമാക്കാൻ ഇത് അവസരമൊരുക്കുമെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
‘നിങ്ങളുടെ ഭാവിയുമായി മുന്നോട്ട് പോകുക’ എന്ന ഷാർപ്പിന്റെ പുതുക്കിയ ആഗോള ബ്രാൻഡ് ദിശയെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ പങ്കാളിത്തം . ഉപഭോക്താക്കളുടെ ജീവിതശൈലിയും പ്രതീക്ഷകളും സാങ്കേതികവിദ്യയും വികസിക്കുമ്പോൾ അവരോട് അടുത്തുനിൽക്കാനുള്ള പ്രതിബദ്ധതയാണ് പുതിയ മുദ്രാവാക്യം പ്രതിനിധീകരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ദൈനംദിന ജീവിതത്തിൽ കൂടുതൽ വ്യക്തത, സൗകര്യം, ആത്മവിശ്വാസം, ആസ്വാദനം എന്നിവ നൽകുന്ന നൂതനാശയങ്ങൾ സൃഷ്ടിക്കുക എന്ന ബ്രാൻഡ് ദർശനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിൽ അൽ ഹഷർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സുൽത്താൻ അൽ ഖറൂസി, ഗ്രൂപ്പ് ചീഫ് സ്ട്രാറ്റജി ഓഫീസർ രാജീവ് ശർമ്മ, ഷാർപ്പ് മിഡിൽ ഈസ്റ്റ് എഫ്.ഇസഡ്.ഇ മാനേജിങ് ഡയറക്ടർ സോട്ട സൈറ്റോ, ഗ്രൂപ്പ് ജനറൽ മാനേജർ രോഹിത് ഖോട്ട്, മാർക്കറ്റിംഗ് മേധാവി അനീൽ ദേവ്ഗൺ, കൺട്രി സെയിൽസ് മാനേജർ നന്ദിഷ റാവു എന്നിവർ പങ്കെടുത്തു.











